കോവിഡ് ലോക്ഡൗണിന് ഇന്ന് ഒരുവർഷം
കോവിഡ് ലോക്ഡൗണിന് ഇന്ന് ഒരുവർഷം. 2020 മാർച്ച് 24നാണ് കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ജീവനുകൾ ഒന്നൊന്നായി കവർന്നെടുത്തുകൊണ്ടുള്ള വെെറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തികനിലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമായിരുന്നു കോവിഡ് ലോക്ഡൗണെങ്കിലും വെെറസ് വ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കാൻ മറ്റൊരു മാർഗവും ഇല്ലെന്നതായിരുന്നു പരമാർത്ഥം.
എന്നാൽ ഒരു രാത്രി അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട അടച്ചുപൂട്ടലിന് മുന്നിൽ ഇനി എന്ത് എന്ന ചോദ്യവുമായി പകച്ചു നിന്നവരായിരുന്നു ഏറെയും. അടച്ചുപൂട്ടൽ വരുത്തിവച്ച മരവിപ്പും സാമ്പത്തിക പ്രതിസന്ധിയും ഒരു വർഷത്തോളമായി രാജ്യത്തെ ഓരോ മനുഷ്യനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.