പഞ്ചാബ് തൂത്തുവാരാൻ ആം ആദ്മി; ഗോവയിലും കോൺഗ്രസ് പ്രതീക്ഷകൾ അവസാനിക്കുന്നു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് വൻ തിരിച്ചടി. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏകദേശം ഭരണമുറപ്പിച്ചിട്ടുണ്ട്. ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് വെറും 18 സീറ്റുകളിൽ മാത്രമാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. ശിരോമണി അകാലിദൾ രണ്ട് സീറ്റിലും ബിജെപി മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നു
ഗോവയിൽ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് പോകുകയാണ്. ഫലസൂചനകൾ പ്രകാരം 21 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. ആദ്യ ഘട്ടത്തിൽ കോൺഗ്രസ് മുന്നേറ്റമാണ് ഗോവയിൽ കണ്ടതെങ്കിൽ നിലവിൽ അവർ 12 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ടിഎംസി നാല് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു
ഉത്തർപ്രദേശ് വീണ്ടും ബിജെപിക്ക് അനുകൂലമെന്ന സൂചനകളാണ് ലഭിക്കുന്നത്. 271 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. സമാജ് വാദി പാർട്ടി 105 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ബി എസ് പിയും കോൺഗ്രസും നാല് സീറ്റുകളിൽ വീതം മുന്നിട്ട് നിൽക്കുന്നുണ്ട്
ഉത്തരാഖണ്ഡിലും ബിജെപിയാണ് മുന്നിൽ. 40 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 28 സീറ്റിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. മണിപ്പൂരിൽ 23 സീറ്റിൽ ബിജെപിയും 14 സീറ്റിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുകയാണ്.