ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടി
ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന് പരാതി. ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആണ് സംഭവം. ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
യാത്രക്കിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരുകയാണ്. ഏതാനും ദിവസം മുമ്പ് കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെ നെടുമ്പാശേരി പൊലീസ് ആണ് കേസെടുത്തത്. ഇയാളിപ്പോൾ റിമാൻഡിലാണ്. എറണാകുളം അങ്കമാലിയിൽ വച്ചാണ് നഗ്നതാപ്രദർശനം നടത്തിയ സവാദിനെ അടുത്തിരുന്ന യാത്രക്കാരി ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഓടിച്ചിട്ട് പിടിച്ചത്.
2 ദിവസം മുമ്പ് മലപ്പുറം വളാഞ്ചേരിയിലും കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായി. കാഞ്ഞങ്ങാട് – പത്തനംതിട്ട റൂട്ടിലോടുന്ന ബസിലാണ് അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാനാണ് യുവതി ബസിൽ കയറിയത്. പ്രതി നിസാമുദ്ദീനും യുവതിയും തൊട്ടടുത്ത സീറ്റുകളായിരുന്നു ഇരുന്നത്.
ബസ് കോഴിക്കോട് പിന്നിട്ടപ്പോഴാണ് യുവാവിന്റെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെടുന്നത്. ശല്യം തുടർന്നതോടെ യുവതി പൊലീസിന് മെസ്സേജ് അയച്ചു. പിന്നീട് കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായി. വളാഞ്ചേരിയിൽ വെച്ച് പൊലീസ് എത്തി കണ്ണൂർ വേങ്ങാട് സ്വദേശിയായ നിസാമുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.