നാല് സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ മാറ്റി ബിജെപി
വിവിധ സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാൻ, ഡല്‍ഹി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്.
രാജസ്ഥാനിൽ സതീഷ് പൂനിയയെ മാറ്റി ലോക്‌സഭാ എംപി സി.പി ജോഷിയെ പുതിയ അധ്യക്ഷനാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് എംപിയായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഓം മാത്തൂർ എന്നിവർ സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും സി.പി ജോഷിയുടെ പേര് രാജസ്ഥാനിൽ എങ്ങും ഉയർന്നിരുന്നില്ല. 2019 സെപ്റ്റംബറിൽ സതീഷ് പൂനിയയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയപ്പോൾ അന്നും അതൊരു ഞെട്ടിക്കുന്ന തീരുമാനമായിരുന്നു.
കാരണം, അന്ന് സതീഷ് പൂനിയയുടെ പേര് ചർച്ചകളിൽ പോലും ഉണ്ടായിരുന്നില്ല. അതിനിടെ സതീഷ് പൂനിയയുടെ 3 വർഷത്തെ കാലാവധി 2022 സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകില്ലെന്ന് മുതിർന്ന നേതാക്കൾ പറയുകയും ചെയ്തു. എന്നാൽ ഇതെല്ലം മറികടന്നാണ് ഇപ്പോൾ പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്. യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി ജോഷി നിലവിൽ പാർട്ടിയുടെ വൈസ് പ്രസിഡന്റുമാണ്.
വീരേന്ദ്ര സച്ച്‌ദേവയാണ് പുതിയ ഡൽഹി അധ്യക്ഷൻ. ഡല്‍ഹി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വീരേന്ദ്ര സച്ച്‌ദേവ. ഒഡീഷയില്‍ മന്‍മോഹന്‍ സമല്‍, ബിഹാറില്‍ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാര്‍. ഒഡീഷയില്‍ നിലവിലെ പ്രസിഡന്റ് സമീര്‍ മൊഹന്തിയെ മാറ്റിയാണ് മുതിര്‍ന്ന നേതാവായ മന്‍മോഹന്‍ സമലിനെ പ്രസിഡന്റാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.