Friday, January 10, 2025
National

ബംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന പാക്ക് പെൺകുട്ടി അറസ്റ്റിൽ

വ്യാജരേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന പാകിസ്താനി പെൺകുട്ടി പിടിയിൽ. 19 കാരിയായ ഇഖ്റ ജീവനിയെ ബംഗളൂരുവിൽ നിന്നുമാണ് ബെല്ലന്ദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ നിന്നുള്ള 25 കാരനെ പെൺകുട്ടി വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് യുവതിയുടെ സ്വദേശം. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിംഗ് യാദവിനെ ഗെയിമിംഗ് ആപ്പിലോടെയാണ് ഇഖ്റ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം അവളെ നേപ്പാളിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വിവാഹം കഴിച്ചു.

ഇന്ത്യ-നേപ്പാൾ അതിർത്തി കടന്നാണ് ദമ്പതികൾ ഇന്ത്യയിലെത്തിയത്. 2022 സെപ്തംബർ മുതൽ മുലായം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യാൻ തുടങ്ങിയതോടെ പ്രതികൾ പിന്നീട് ബംഗളൂരുവിലെത്തി ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിൽ താമസിച്ചു. റാവ യാദവ് എന്ന് പേരുമാറ്റി ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിച്ച ശേഷം മുലായം സിംഗ് ഇഖ്‌റയ്ക്ക് ആധാർ കാർഡ് വ്യാജമായി ഉണ്ടാക്കി.

പാകിസ്താനിലെ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന ഇഖ്‌റയെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തുകയും സംസ്ഥാന ഇന്റലിജൻസിനെ അറിയിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ്. മുലായത്തെയും ഇഖ്റയെയും അറസ്റ്റ് ചെയ്യുന്നതിനുമുൻപ് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇഖ്‌റയെ എഫ്‌ആർആർഒ ഉദ്യോഗസ്ഥർക്ക് കൈമാറി. ചാരവൃത്തി സംഘത്തിന്റെ ഭാഗമാണോ എന്നറിയാൻ ഇഖ്‌റയുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *