പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം ഇന്ന് രാഷ്ട്രപതി സമ്മാനിക്കും;തെരഞ്ഞെടുക്കപ്പെട്ടത് 11 വിദ്യാര്‍ത്ഥികള്‍
ഈ വര്‍ഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം ഇന്ന് സമ്മാനിക്കും. ഡല്‍ഹിയിലെ വിഖ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പുരസ്‌കാരം കൈമാറും. വിവിധ മേഖലകളില്‍ അസാധാരണ മികവ് തെളിയിച്ച കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം.
കല, സാംസ്‌കാരികം, ധീരത, സാമൂഹിക സേവനം, കായികം, കണ്ടുപിടിത്തം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികവ് തെളിയിച്ച 5 മുതല്‍ 18 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഒരു ലക്ഷം രൂപയും പ്രശ്സതി പത്രവും അടങ്ങുന്നതാണ് പിഎംആര്‍ബിപിയുടെ അവാര്‍ഡ്. കലാ-സാംസ്‌കാരിക മേഖലയില്‍ നാല് പേര്‍ക്കും ധീരതയ്ക്ക് ഒരാള്‍ക്കും ശാസ്ത്രീയ കണ്ടുപിടുത്തത്തിന് രണ്ട് പേര്‍ക്കും സാമൂഹിക സേവനത്തിന് ഒരാള്‍ക്കും കായിക രംഗത്ത് മൂന്ന് പേരുമാണ് ഇത്തവണ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ചൊവ്വാഴ്ച പ്രധാനമന്ത്രി പുരസ്‌കാരത്തിന് അര്‍ഹരായ കുട്ടികളുമായി സംവദിക്കും. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സമൃതി ഇറാനിയും പുരസ്‌കാര ജേതാക്കളായ കുട്ടികളോട് ആശയവിനിമയം നടത്തുക.