‘ഡി കമ്പനി കൊലയ്ക്കായി രണ്ടുപേരെ നിയോഗിച്ചു’: പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി ഇപ്പോൾ ഗുജറാത്തിൽ റാലികളില്‍ പങ്കെടുത്ത് വരുമ്പോഴാണ് ഭീഷണി വരുന്നത്. മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിനാണ് ഈ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്.
മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലാണ് ഒരു ഓഡിയോ സന്ദേശമായി പ്രധാനമന്ത്രിയെ വധിക്കും എന്ന ഭീഷണി വന്നത്. പ്രധാനമന്ത്രി മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇതിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്തെന്നാണ് വിവരം.
അജ്ഞാതമായ നമ്പറില്‍ നിന്നാണ് ഭീഷണി ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്. മോദിയെ വധിക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് സഹായികളുടെ പേരുകളും ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശം അയച്ചയാൾ നൽകിയിട്ടുണ്ട്. മുസ്തഫ അഹമ്മദ്, നവാസ് എന്നാണ് എന്നാണ് കൊലയാളികളുടെ പേര് എന്നാണ് ഓഡിയോയില്‍ പറയുന്നത്. എന്നാൽ ഓഡിയോ സന്ദേശം അയച്ചയാൾ തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ ഓഡിയോ ക്ലിപ്പ് ഹിന്ദിയിലാണ് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്