വാക്‌സിനേഷനില്‍ കൈവരിച്ചത് അസാധാരണ ലക്ഷ്യം; ഇന്ത്യയെ സംശയിച്ചവര്‍ക്കുള്ള മറുപടി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ അസാധാരണ ലക്ഷ്യം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് കോടി വാക്‌സിനേഷനിലൂടെ രാജ്യം പുതിയ ചരിത്രം രചിച്ചുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. 100 വര്‍ഷത്തിനിടെ ഉണ്ടായ മഹാമാരിയാണ് കൊവിഡ്. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാവുമോ എന്ന് സംശയിച്ചവരുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് വാക്‌സിനേഷനിലൂടെ നമ്മള്‍ നല്‍കിയത്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് 100 കോടി വാക്‌സിനേഷന്‍.
രാജ്യം കൊറോണയില്‍നിന്നും കൂടുതല്‍ സുരക്ഷിതമെന്ന് ലോകം വിലയിരുത്തും. ഇത് ഓരോ ഇന്ത്യക്കാരന്റേയും നേട്ടമാണ്. വാക്‌സിനേഷനില്‍ വിവേചനം ഇല്ലെന്ന് ഉറപ്പ് വരുത്തി. വാക്‌സിനേഷനില്‍ വിഐപി സംസ്‌കാരമുണ്ടായില്ല. വിളക്ക് കൊളുത്താനും കൈയടിക്കാനും പറഞ്ഞപ്പോള്‍ അത് കൊണ്ട് കൊറോണ പോകുമോ എന്ന് പുച്ഛിച്ചവരുണ്ട്. അത് രാജ്യത്തിന്റെ ഒരുമയേയാണ് ഉയര്‍ത്തിക്കാട്ടിയത്. രാജ്യത്ത് സാമ്പത്തിക രംഗം മെച്ചപ്പെട്ട് വരികയാണ്. തദ്ദേശീയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പര്യം കാണിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു