ഉത്തരേന്ത്യയില്‍ അജ്ഞാത പനി വര്‍ധിക്കുന്നു; പനി ബാധിച്ചവരില്‍ പലര്‍ക്കും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെന്ന് ആരോഗ്യപ്രവര്‍ത്തകര്‍
ഉത്തരേന്ത്യയില്‍ അജ്ഞാത പനി വര്‍ധിക്കുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുന്നു. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള അതിവേഗ ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
ഉത്തര്‍പ്രദേശിന് പിന്നാലെ അഞ്ചോളം സംസ്ഥാനങ്ങളിലാണ് അജ്ഞാത പനി വര്‍ധിക്കുന്നത്. പനി ബാധിച്ചവരില്‍ പലര്‍ക്കും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.നിര്‍ജ്ജലീകരണം, കടുത്ത പനി, രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ കുറവ് തുടങ്ങിയ വിവിധ ലക്ഷണങ്ങളും രോഗികള്‍ക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായി രോഗം ഏതാണെന്നു കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ആരോഗ്യ വിദഗ്ദ്ധര്‍.
രോഗം ബാധിച്ചവരില്‍ 25% പേര്‍ക്ക് ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്‌ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വിദ്ഗധര്‍ അറിയിച്ചു.
ആഗസ്റ്റ് 20നാണ് രോഗം ആദ്യമായി റിപ്പോര്‍ട്ടു് ചെയ്യുന്നത്. പനി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്.. പനി ബാധിച്ച് വരുന്നവരില്‍ പ്ലേറ്റ്‌ലറ്റിന്റെ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡെങ്കിപനിയാകാമെന്ന നിഗമനവും ആരോഗ്യ വിദഗ്ധര്‍ നല്‍കി. അജ്ഞാത പനി ബാധിച്ചുള്ള മരണം വര്‍ധിക്കുന്നതും ആശങ്കയിലാക്കുകയാണ്.