ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ പിടിയിൽ
പണക്കാരുടെ വീടുകൾ കൊള്ളയടിച്ച് പാവങ്ങൾക്ക് വിതരണം ചെയ്യുന്ന ‘നല്ലവനായ കള്ളൻ’ ആയിരുന്നു കായംകുളം കൊച്ചുണ്ണി. 1800കളിൽ തിരുവിതാംകൂറിൽ ജീവിച്ചിരുന്ന കൊച്ചുണ്ണിയ്ക്ക് 13/14 നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന റോബിൻ ഹുഡ് മുൻഗാമി ആയിരുന്നു. പിന്നീട് പലപ്പോഴും ഇത്തരത്തിലുള്ള കവർച്ചക്കാർ അവിടവിടെയായി ഉണ്ടായിട്ടുണ്ട്. ഡൽഹിയിലും ഉണ്ടായിരുന്നു അങ്ങനെ ഒരാൾ. 27കാരനായ വസീം അക്രം അഥവാ ലാമ്പു. 160ഓളം കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ള ഇയാൾ ഒടുവിൽ പൊലീസ് പിടിയിലായിരിക്കുകയാണ്.
25 പേരടങ്ങുന്ന കവർച്ചാസംഘത്തിൻ്റെ നേതാവാണ് വസീം അക്രം. ഡൽഹിയിലെ വമ്പൻ വീടുകൾ കൊള്ളയടിക്കുന്ന സംഘം ഈ കൊള്ളമുതലിൽ നിന്ന് ഒരു പങ്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൊടുക്കുമായിരുന്നു. ഇതുകൊണ്ട് തന്നെ വസീമിന് നിരവധി ആരാധകരുമുണ്ടായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിൽ ഒളിച്ചുകഴിഞ്ഞിരുന്ന ഇയാൾ നിരവധി തവണ പൊലീസിനെ വെട്ടിച്ച് കടന്നിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയും റോബിൻ ഹുഡും കവർച്ച മാത്രമേ നടത്തിയിരുന്നുള്ളെങ്കിൽ വസീം കൊലപാതക ശ്രമവും ബലാത്സംഗങ്ങളുമൊക്കെ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി ഇയാളെ ഡൽഹി പൊലീസിൻ്റെ പ്രത്യേക സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ചാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് ഒരു തോക്കും മൂന്ന് സെറ്റ് തിരകളും പിടികൂടി.