ഡൽഹിയിലെ ഉസ്മാൻപൂരിൽ ഏറ്റുമുട്ടലിൽ; ഒരാൾ കൊല്ലപ്പെട്ടു, 3 പേർ പിടിയിൽ
ദേശീയ തലസ്ഥാനത്തെ ഉസ്മാൻപൂരിൽ ഏറ്റുമുട്ടൽ. ഡൽഹി പൊലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർത്താർ നഗർ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മൂന്ന് അക്രമികൾ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ്
പൊലീസ് നൽകുന്ന വിവരം
ഡൽഹിയിലെ യമുന ഖാദർ മേഖലയിൽ ആയുധങ്ങളുടെ ബലത്തിൽ ആളുകളെ കൊള്ളയടിച്ചിരുന്ന സമ്പൂർണ സംഘമാണിത്. സംഘത്തിലെ രണ്ടുപേർ സ്ത്രീവേഷത്തിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തും. പിന്നിൽ ഒളിച്ചിരുന്ന സംഘത്തിലെ ബാക്കിയുള്ളവർ ഇവരെ കൊള്ളയടിക്കും, ഇതാണ് ഇവരുടെ പതിവ്. ഇന്നലെ രാത്രിയും സംഘം ഒരു അഭിഭാഷകനെ കൊള്ളയടിച്ചിരുന്നു. ഇരയായ അഭിഭാഷകൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചു.
പരാതിയെ തുടർന്ന് പൊലീസ് സംഘം പ്രതികളെ തേടി ഖദർ ഭാഗത്തേക്ക് നീങ്ങി. ഉൾകാട്ടിൽ സംശയാസ്പദമായ ഏഴ്-എട്ട് ആളുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇവർ ഉദ്യോഗസ്ഥ സംഘത്തിന് നേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ വീണ്ടും വെടിയുതിർത്തു. ഇതോടെ പൊലീസ് തിരിച്ചടിച്ചു. ഇതിനിടെ ആകാശിന് വെടിയേറ്റു. ചിലർ ഓടി രക്ഷപ്പെട്ടുകായും ചെയ്തു.
പരുക്കേറ്റ ആകാശിനെ ചികിത്സയ്ക്കായി ജെപിസി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും മൂന്ന് ഒഴിഞ്ഞ വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. വിശാൽ, മോനു, നിഖിൽ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.