Monday, January 6, 2025
National

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

ലക്‌നോ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. ലക്‌നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജി പി ജി ഐ എം എസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തത്. അന്ന് കര്‍സേവകരെ തടയാതെ യു പി പോലീസ് കാവല്‍ നിന്നത് വന്‍ വിവാദമായിരുന്നു. ബാബരി മസ്ജിദ് ധ്വംസന ഗൂഢാലോചനാ കേസില്‍ പ്രതിയായിരുന്നു.

രണ്ട് തവണ യു പി മുഖ്യമന്ത്രിയായിട്ടുണ്ട്. രണ്ട് തവണ പാര്‍ലിമെന്റംഗവുമായി. സ്‌കൂള്‍ പഠന കാലത്ത് തന്നെ ആര്‍ എസ് എസ് അംഗമായിരുന്നു. 1999ല്‍ ബി ജെ പിയില്‍ നിന്ന് പുറത്താകുകയും തുടര്‍ന്ന് സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2009ല്‍ വീണ്ടും ബി ജെ പി വിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു. 2014ല്‍ ബി ജെ പിയില്‍ വീണ്ടും തിരിച്ചെത്തി. തുടര്‍ന്ന് രാജസ്ഥാന്‍ ഗവര്‍ണറായി.

ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ 2019 സെപ്തംബറില്‍ വിചാരണ നേരിട്ടു. എന്നാല്‍ 2020ല്‍ സി ബി ഐ പ്രത്യേക കോടതി ഈ കേസില്‍ കല്യാണ്‍ സിംഗിനെയും എല്‍ കെ അഡ്വാനി അടക്കമുള്ളവരെയും വെറുതെവിട്ടു

Leave a Reply

Your email address will not be published. Required fields are marked *