കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പകർച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കോവിഡ് വൈറസ് ബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ അനാഥരാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ സംവിധാനങ്ങൾ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ സ്വീകരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണമെന്ന് സമൂഹത്തിന്റെ വിവിധ വിവധ ഭാഗങ്ങളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതികൾ കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് സർക്കാരും ഹിമാചൽ പ്രദേശ് സർക്കാരും കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള 25 വയസുവരെ 2500 രൂപ വീതം പ്രതിമാസം നൽകുമെന്നും സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ഡൽഹി മുഖ്യമന്ത്രിയും പറഞ്ഞിരുന്നു