Monday, January 6, 2025
National

പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി വിശദാംശങ്ങൾ തേടി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെടുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി വിശദാംശങ്ങൾ തേടി. പിഎഫ്ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ അതീവഗൗരവത്തോടെ കാണണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

ബി ജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ ലഭിച്ച ഭീഷണി സന്ദേശവും ഗൗരവത്തോടെ കാണുന്നു. എഡിജിപി ഇന്റലിജന്റസ് തയ്യാറാക്കിയ സുരക്ഷാ റിപ്പോർട്ട് ചോർന്നതും ഗൗരവമുള്ള വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.

പഞ്ചാബ് മോഡൽ പ്രതിഷേധത്തിന് സാധ്യതയെന്നാണ് വിലയിരുത്തൽ. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിരുന്നു. തുടർന്ന് പൊതുപരിപാടി റദ്ദാക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്നാണ് ഊമക്കത്ത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. കത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐ.ബി റിപ്പോര്‍ട്ടിലും കത്തിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഈ ഭീഷണിക്കത്തിനെക്കുറിച്ചാണ്. വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര തീവ്രവാദി സംഘടനകളുടെ സ്വാധീനം ഗൗരവമായി കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കേരളത്തിലെത്തും. മധ്യപ്രദേശിൽനിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ചൊവ്വാഴ്ച 10.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *