മോദിക്ക് സുരക്ഷാ ഭീഷണി; സുരക്ഷ സ്കീം ചോർന്നതിൽ അന്വേഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് തയാറാക്കിയ സുരക്ഷാ പദ്ധതി പുറത്ത് പോയതിൽ അന്വേഷണം. ഇൻ്റെലിജൻസ് മേധാവി തയാറാക്കിയ സുരക്ഷ റിപ്പോർട്ടാണ് പുറത്തായത്. പ്രധാനമന്ത്രി ഏപ്രിൽ 24 ന് കേരളത്തിൽ എത്തി തിരികെ പോകുന്നത് വരെയുള്ള പ്രോഗ്രാമുകളുടെയും സുരക്ഷയുടെയും പൂർണ വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്റലിജിൻസ് റിപ്പോർട്ട് പുറത്തു പോയതിനെ ഇന്റെലിജൻസ് ബ്യൂറോ അതീവ ഗൗരവത്തിലാണ് എടുക്കുന്നത്. അതിനാൽ തന്നെ, റിപ്പോർട്ട് ചോർന്നതിൽ പോലീസ് വൃത്തങ്ങളിൽ ആശങ്കകൾ ഉണ്ട്. തുടർന്ന് റിപ്പോർട്ട് പുതുക്കാൻ ഇന്റലിജിൻസ് എഡിജെപിയും സംഘവും തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ടിനെ പറ്റി ചർച്ച ചെയ്യാൻ നാളെ ഉന്നത തല യോഗം ചേരും.
കൂടാതെ, ബിജെപി ഓഫീസിൽ ലഭിച്ച ഭീഷണി കത്ത് പൊലീസിന് മറ്റൊരു തലവേദനയായി മാറുകയാണ്. കേരളത്തിൽ സ്വാധീനമുണ്ടായിരുന്ന പിഎഫ്ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് പുറത്തായതാണ് ആശങ്കലേക്ക് കാരണമായത്. കേരള – തമിഴ്നാട് തീരദേശം വഴി അന്താരഷ്ട്ര തീവ്രവാദികളുടെ നീക്കം, കേരളത്തിൽ സജീവമായിരുന്ന മാവോയിസ്റ് വിരുദ്ധ പ്രവർത്തനങ്ങൾ, പുൽവാമയെ തുടർന്ന് മോദിക്ക് നേരെയുയർന്ന സുരക്ഷ ഭീഷണി, എക്സ്ട്രീം ഗ്രൂപ്പുകളുടെ നീക്കങ്ങൾ എന്നിവയെ കുറിച്ച ഈ റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.
മോദിയുടെ സുരക്ഷ റിപ്പോർട്ട് ചോർന്നതിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത് വന്നു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിൽ. സുരക്ഷ വീഴ്ച ഉണ്ടാകുന്നത് അതീവ ഗുരുതരം. പ്രധാനമന്ത്രിയുടെ സുരക്ഷ റിപ്പോർട്ട് ചോർന്നതിൽ ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടികൾ സ്വീകരിക്കണം. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.