പാറ്റ്ന സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനം; ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ച് അധികൃതർ
പാറ്റ്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനവുമായി ബന്ധപ്പെട്ട് നടപടിയുമായി അധികൃതർ. റെയിൽവേ സ്റ്റേഷനിലെ ടെലിവിഷൻ സംപ്രേഷണത്തിൻ്റെ കരാർ ഏറ്റെടുത്ത കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ വക്താവ് ബിരേന്ദ്ര കുമാർ പറഞ്ഞു. ഇവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു എന്നും അദ്ദേഹം അറിയിച്ചു.
കൊൽക്കത്ത ആസ്ഥാനമായ ദത്ത സ്റ്റുഡിയോ ആണ് ഈ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി. ഇവർക്കെതിരെ രണ്ട് വ്യത്യസ്ത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാറ്റ്ന റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനുകളിൽ അശ്ലീല സിനിമയിലെ ദൃശ്യങ്ങൾ പ്ലേ ചെയ്തത് മൂന്ന് മിനിറ്റോളമായിരുന്നു. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാർ പറഞ്ഞു. പരസ്യചിത്രമാണെന്നാണ് തുടക്കത്തിൽ യാത്രക്കാർ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനിൽ പ്ലേ ആയിരിക്കുന്നത് അഡൾട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാർ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ആ സമയത്ത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്.
ടി വിയിൽ അശ്ലീല ദൃശ്യങ്ങൾ കണ്ട് യാത്രക്കാരിൽ ചിലർ ബഹളം വയ്ക്കുകയും കൂവി വിളിക്കുകയും ചെയ്‌തെങ്കിലും മൂന്ന് മിനിറ്റിലധികം സമയം ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്ലേ ചെയ്‌തെന്നാണ് യാത്രക്കാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തെത്തുടർന്ന് യാത്രക്കാർ ഗവൺമെന്റ് റെയിൽവേ പൊലീസിൽ പരാതി സമർപ്പിച്ചു. വിഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികൾ ഉൾപ്പെടെ ആ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരമൊരു ദൃശ്യം മൂന്ന് മിനിറ്റോളം പ്രദർശിപ്പിക്കപ്പെട്ടത് ഗൗരവതരമായ വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കി. നിരവധി യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വിഡിയോയും പകർത്തിയിരുന്നു.