‘വാഹനാപകടങ്ങൾക്ക് കാരണം നല്ല റോഡുകൾ’, വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎൽഎ
നല്ല റോഡുകൾ ഉള്ളതുകൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎൽഎ. മധ്യപ്രദേശിലെ മന്ധാതയിൽ നിന്നുള്ള നാരായൺ പട്ടേൽ എംഎൽഎയാണ് വിചിത്രമായ പ്രസ്താവന നടത്തിയത്. നല്ല റോഡുകൾ അതിവേഗ ട്രാഫിക്കിലേക്ക് നയിക്കുന്നു, ഇത് അപകടസാധ്യത ഉയർത്തുന്നതായും എംഎൽഎ പറയുന്നു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് വിശദീകരിക്കവെയാണ് നിയമസഭാംഗത്തിൻ്റെ പ്രസ്താവന. “എന്റെ മണ്ഡലത്തിൽ റോഡപകടങ്ങൾ വർധിച്ചുവരികയാണ്. റോഡുകൾ മികച്ചതാണ്, വാഹനങ്ങൾ അതിവേഗതയിൽ പായുന്നു, ഇത് മൂലം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചില ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു. നല്ല റോഡുകൾ രാജ്യത്തിന്റെ വികസനത്തിന്റെ പ്രതീകമാണ്.”- നാരായൺ പട്ടേൽ പറഞ്ഞു.