ബംഗാൾ സ്വദേശിയുടെ കൊലപാതകം: ഭാര്യയെയും കാമുകനെയും സഹായിച്ച 16കാരനും പ്രതിപ്പട്ടികയിൽ
തൃശ്ശൂർ ചേർപ്പ് പാറക്കോവിലിൽ സ്വർണപ്പണിക്കാരനായ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പതിനാറുകാരനും പിടിയിൽ. മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയും കാമുകനും നേരത്തെ പിടിയിലായിരുന്നു. മൃതദേഹം കുഴിച്ചിടാനായി ഇവരെ സഹായിച്ച കുറ്റമാണ് പതിനാറുകാരനുള്ളത്. കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി
വാടക വീടിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൻസൂറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സ്വർണപ്പണിയിൽ മൻസൂറിനെ സഹായിച്ചിരുന്ന ബീരുവും മൻസൂറിന്റെ ഭാര്യ രേഷ്മ ബീവിയെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൻസൂറിന്റെ ഉപദ്രവം കാരണം എങ്ങനെയെങ്കിലും ഒഴിവാക്കി കുട്ടികളുമായി മറ്റെവിടെയെങ്കിലും പോയി ജീവിക്കാൻ രേഷ്മ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് ബീരുവുമായി അടുപ്പത്തിലാകുന്നത്.
ഡിസംബർ 12ന് ബീരുവും മൻസൂറും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ മൻസൂർ ഉറങ്ങിയതോടെ രേഷ്മക്കൊപ്പം ചേർന്ന് കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. മൃതദേഹം തുടർന്ന് ശുചിമുറിയിൽ സൂക്ഷിച്ചു. പിറ്റേ ദിവസം രാത്രിയാണ് വീടിന്റെ പുറകുവശത്ത് മൃതദേഹം കുഴിച്ചിട്ടത്. പിന്നാലെ ഡിസംബർ 19ന് ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രേഷ്മയും ബീരുവും സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു
സംശയം തോന്നി പോലീസ് രേഷ്മയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സ്വയം ഏറ്റെടുക്കാനാണ് ഇവർ ശ്രമിച്ചത്. വഴക്കിനിടെ ഭർത്താവ് തന്നെ കമ്പിപ്പാരയുമായി അടിക്കാൻ വന്നപ്പോൾ ഇത് പിടിച്ചുവാങ്ങി തിരിച്ചടിച്ചുവെന്നും ഇതിൽ മൻസൂർ കൊല്ലപ്പെട്ടുവെന്നും രേഷ്മ പറഞ്ഞു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിലാണ് ബീരുവാണ് കൃത്യം നടത്തിയതെന്ന് വെളിപ്പെടുത്തിയത്.