കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയാല്‍ വിരമിച്ച ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിലാണ് ക്ഷാമബത്ത നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തിന്റെ തുടക്കകാലമായ 2020ലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് മരവിപ്പിച്ചത്. തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ ക്ഷാമബത്ത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ജൂലൈ മുതല്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കി തുടങ്ങിയത് ലക്ഷകണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനം ചെയ്തത്. 28 ശതമാനമാക്കി വര്‍ധിപ്പിച്ച ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അനുവദിച്ചത്. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ശതമാനം കൂടി വര്‍ധിപ്പിച്ചാല്‍ ക്ഷാമബത്ത 31 ശതമാനമായി ഉയരും.