ഹിജാബ് വിലക്ക്; കര്‍ണാടകയില്‍ കൂട്ടത്തോടെ ടി.സി വാങ്ങി മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ഹിജാബ് വിലക്കിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മാഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് മാത്രം ടി.സി വാങ്ങിയത് 16ശതമാനം മുസ്ലിം വിദ്യാര്‍ത്ഥിനികളെന്ന് കണക്കുകള്‍. 2020-21, 2021-22 കാലയളവില്‍ വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന 900 മുസ്ലിം പെണ്‍കുട്ടികളില്‍ ടി സി വാങ്ങിയത് 145 പേരാണെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നു.
ഇവരില്‍ ഹിജാബിന് വിലക്കില്ലാത്ത ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലര്‍ വീണ്ടും പ്രവേശനം നേടിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കാനാകാത്തകാരണം ടി സി വാങ്ങിയവരില്‍ പലരും പഠനം ഉപേക്ഷിച്ചു. കുടഗ് ജില്ലയിലെ 113 മുസ്ലിം വിദ്യാര്‍ത്ഥിനികളും പഠനം മുടക്കിയിട്ടില്ല. കുടഗില്‍ മാത്രം സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ 10 കോളജുകളുണ്ട്.
എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് (8%) സര്‍ക്കാര്‍ കോളേജുകളില്‍ (34%) ടിസി തേടുന്ന മുസ്ലീം പെണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 സര്‍ക്കാര്‍ കോളജുകളും 36 എയ്ഡഡ് കോളജുകളുണ്ട്. ഉഡുപ്പി ജില്ലയില്‍ സ്ഥലംമാറ്റം തേടിയ വിദ്യാര്‍ഥികളുടെ എണ്ണം 14 ശതമാനമാണ്. ദക്ഷിണ കന്നഡ ജില്ലയേക്കാള്‍ കൂടുതലാണിത്. ദക്ഷിണ കന്നഡയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജുകളില്‍ 51 മുസ്ലീം പെണ്‍കുട്ടികളില്‍ 35 പേരും ടിസി വാങ്ങി.
2022 ജനുവരിയില്‍ കര്‍ണാടകയിലെ ഒരു സര്‍ക്കാര്‍ കോളജിലാണ് ഹിജാബ് വിവാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. കോളജില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് വിദ്യാര്‍ത്ഥിനികളാണ് ആദ്യം രംഗത്ത് വന്നത്. പിന്നീട് ഈ വിഷയം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിച്ചു. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വിഷയം ഏറ്റെടുക്കുകയായിരുന്നു. ഹര്‍ജികള്‍ കോടതിയിലെത്തിയതോടെ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് കീഴില്‍ അനിവാര്യമായ ഒരു മതാചാരമല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇത് സംരക്ഷിത അവകാശമല്ലെന്നും മാര്‍ച്ച് 15 ന് മദ്രാസ് ഹൈകോടതി ഉത്തരവില്‍ വിധിച്ചു.