പാർക്കിംഗിനെ ചൊല്ലി തർക്കം: ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേർന്ന് മർദിച്ചു
ബെംഗളൂരുവിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേർന്ന് മർദിച്ചു. പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിൽ. ജൂലൈ 19ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
ബാനസവാടി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉമേഷിനാണ് മർദനമേറ്റത്. പാർക്കിംഗിനെച്ചൊല്ലി ഉമേഷ് രണ്ടുപേരുമായി തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തർക്കം രൂക്ഷമായതോടെ ഇരുവരും കോൺസ്റ്റബിളിനെ മർദിക്കുകയായിരുന്നു. ഉമേഷിനെ നിലത്തിട്ട് തുടർച്ചയായി ചവിട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്.
പൊതുജനം നോക്കിനിൽക്കെയാണ് ഡ്യൂട്ടി നിർവഹിക്കാനെത്തിയ ഉദ്യോഗസ്ഥനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് മുഖ്യപ്രതി വി.കെ സുലൈമാനെ കസ്റ്റഡിയിൽ എടുത്തു. രണ്ടാമനായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും സംഭവതിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും ജോയിന്റ് പൊലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ അനുചേത് പറഞ്ഞു.