Thursday, January 9, 2025
Kerala

ട്രാഫിക് സൈൻ ബോർഡുകളിലെ ‘ബഹുമാനം’ ഇനിവേണ്ട; ഉത്തരവുമായി ട്രാഫിക് എൻഫോഴ്സ്മെന്‍റ്

‘ബഹുമാനപ്പെട്ട, കലക്ടര്‍ അവര്‍കള്‍ വായിച്ചറിയാന്‍’……. എന്ന് അപേക്ഷകളിലും പരാതികളിലും നിങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ ഇനി അത്തരം എഴുത്തുകളില്‍ അത്രയും ബഹുമാനത്തിന്‍റെ ആവശ്യമില്ല. ജനാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനസേവകരായാണ് കണക്കാക്കുന്നത്. ഭരണകൂടത്തിന്‍റെ സേവനങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഉദ്യോഗസ്ഥരാണ് അവരെന്നിരിക്കെ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അമിത ബഹുമാനവും പ്രാധാന്യം നല്‍കുന്നത് ജനങ്ങളില്‍ തങ്ങള്‍ ഭരിക്കപ്പെടേണ്ടവരാണെന്ന അധഃമ മനസ്ഥിതി സൃഷ്ടിക്കുന്നു. അതേസമയം ജനസേവകരായ ഉദ്യോഗസ്ഥരില്‍ തങ്ങളാണ് ‘അധികാരി’ എന്ന അഹംബോധത്തിനും ഇത് വഴി തെളിക്കുന്നു. ഈ ബോധം നിലനിര്‍ത്താനും ജനങ്ങളെ അടിമകളോടെന്ന തരത്തില്‍ പെരുമാറുന്നതിനും വേണ്ടി ബ്രിട്ടീഷ് കോളോണിയല്‍ കാലത്താണ് ഇത്തരം ബഹുമാന്യ പദങ്ങള്‍ നമ്മുടെ ഭാഷയിലും അധികാര ശ്രേണിയിലും ഇടം കണ്ടെത്തിയത്.

ഇത്തരം പ്രയോഗങ്ങള്‍ ഭാഷയില്‍ നിന്നും അധികാര പ്രയോഗങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്തയുടെ പരാതിയെ തുടര്‍ന്ന് ‘ബഹുമാനപ്പെട്ട’ എന്ന പദം നീക്കം ചെയ്യാന്‍ തീരുമാനമായി. ട്രാഫിക് നിയമങ്ങളെ കുറിച്ച് സൂചന നല്കാൻ വഴിയരികിൽ സ്ഥാപിച്ച ബോർഡുകളിൽ നിന്ന് ‘ബഹുമാനപ്പെട്ട’ എന്ന പദം നീക്കം ചെയ്യാന്‍ ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റാണ് തീരുമാനിച്ചത്.

പാലക്കാട് നഗരത്തിലെ ഹരിക്കാര തെരുവ് സർക്കാർ എൽപി സ്കൂളിന് സമീപത്തെ ട്രാഫിക്ക് എൻഫോഴ്സ്മെന്‍റ് യൂണിറ്റ് സ്ഥാപിച്ച ബോർഡിലെ ‘ബഹുമാനപ്പെട്ട കലക്ടർ അവർകളുടെ ഉത്തരവ് പ്രകാരം’ എന്ന പരാമർശമാണ് പരാതിക്കിടയാക്കിയത്. കലക്ടർ ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമാണെന്ന് പരസ്യ പ്രഖ്യാപനം നടത്തുകയാണ് ബോർഡിലൂടെയെന്നും അതിലെ ‘ബഹുമാനപ്പെട്ട’ എന്ന പദം പൗരന്മാരിൽ ഭയവും വിധേയത്വവും രൂപപ്പെടുത്തുന്ന ഒന്നാണെന്നും ബോബന്‍ മാട്ടുമന്ത പറയുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ നിർബ്ബന്ധമായും ബഹുമാനിക്കപ്പെടേണ്ടവരായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത്തരം കീഴ് വഴക്കം തുടരുന്നത് നിർബന്ധമായും തിരുത്തപ്പെടേണ്ടതാണെന്നും ബോബന്‍ പറയുന്നു.

പൊതുജന സേവകരായ സർക്കാർ ജീവനക്കാർ പ്രത്യേകമായി ബഹുമാനിക്കപ്പെടേണ്ടവര്‍ അല്ലെന്നും സര്‍ക്കാര്‍ ജീവനക്കാരെ ബഹുമാനിക്കണമെന്ന് വ്യക്തമാക്കി നാളിതുവരെ ഒരു സർക്കാരും ഒരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം ‘ബഹുമാനപ്പെട്ട ‘ ഉൾപ്പടെയുള്ള വിശേഷണ പദങ്ങൾ ഉപയോഗിക്കുന്നതിലൂടെ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ബഹുമാനിക്കപ്പെടേണ്ടവരും ആദരിക്കപ്പെടേണ്ടവരുമാണെന്ന സന്ദേശം സമൂഹത്തിന് ബോധപൂർവ്വം പകർന്നു നല്കുകയാണ് സർക്കാറെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. പൊതുജന സേവകരെ ഇത്തരം വിശേഷണ പദപ്രയോഗങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിലൂടെ സമൂഹത്തിൽ വിധേയത്വ മനോഭാവവും അടിമ ബോധവും സൃഷ്ടിക്കപ്പെടും. രാജ്യത്തെ എല്ലാ പൗരന്മാരും ഭരണഘടനയ്ക്ക് മുന്നിൽ തുല്യരാണെന്നിരിക്കെയാണ് കലക്ടര്‍ മാത്രം ബഹുമാന്യനാകുന്നതിലെ പൊരുത്തക്കേട് നിലനില്‍ക്കേയാണ് ബോർഡിലെ പരാമർശമെന്നും ബോബന്‍ മാട്ടുമന്ത ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *