കോവാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്
ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെയ്പ്പുമായി പ്രമുഖ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. കോവാക്‌സിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഭാരത് ബയോടെകിന്റെ തീരുമാനം. പ്രതിവർഷം 700 മില്യൺ ഡോസുകൾ നിർമ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന വാക്സിനേഷൻ പ്രക്രിയയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം ഭാരത് ബയോടെക് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ വാക്‌സിൻ നിർമ്മാണം പുരോഗമിക്കുന്ന ഹൈദരാബാദിലെ ജെനോം വാലിയ്ക്കും ബംഗളൂരുവിലെ കേന്ദ്രത്തിനും പുറമെ ഹൈദരാബാദിലെ വിവിധ യൂണിറ്റുകളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ചുരുങ്ങിയകാലം കൊണ്ടുതന്നെ കൊവാക്സിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്. ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് വാക്സിൻ നിർമ്മിക്കുന്നതതെന്നും ഇവയുടെ ലഭ്യത ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.