കൊവിഡ് വാക്‌സിനായി ഇന്ത്യക്ക് മുന്നിൽ ലോകരാഷ്ട്രങ്ങൾ; 92 രാജ്യങ്ങൾ കൂടി ആവശ്യപ്പെട്ടു
കൊവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങളെന്ന് റിപ്പോർട്ട്. ഇന്ത്യൻ നിർമിത വാക്‌സിനുകൾക്ക് പാർശ്വഫലം കുറവാണെന്നതാണ് ഇതിന് ആവശ്യക്കാരേറുന്നത്. ഇന്ത്യ ഇതിനോടകം ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകി കഴിഞ്ഞു
മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കുള്ള വാക്‌സിനുകൾ വെള്ളിയാഴ്ച എത്തിക്കും. ഇതിന് ശേഷം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിൻ അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുകൂടാതെയാണ് 92 രാജ്യങ്ങൾ കൂടി വാക്‌സിൻ ആവശ്യപ്പെട്ട് വന്നിരിക്കുന്നത്
ഡൊമിനിക്കൻ റിപബ്ലിക്, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പാക്കിസ്ഥാനും ചൈനക്കും വരെ വാക്‌സിൻ നൽകാൻ ഇന്ത്യ തയ്യാറാകുമെന്നാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
വാക്‌സിൻ കൊണ്ടുപോകുന്നതിനായി ബ്രസീൽ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. വാക്‌സിന്റെ 20 ലക്ഷം ഡോസുകളാണ് ബ്രസീലിലേക്ക് കൊണ്ടുപോകുന്നത്. 50 ലക്ഷം വാക്‌സിനുകൾ കൈമാറുന്നതിനാണ് ബൊളീവിയൻ സർക്കാരും സെറം ഇൻസ്റ്റിറ്റ്യൂട്ടും കരാറിലേർപ്പെട്ടത്.