Saturday, October 19, 2024
National

വിവാദ പരാമര്‍ശം: പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഖര്‍ഗെ, മാപ്പ് പറയണമെന്ന് ഭരണപക്ഷം, പ്രക്ഷുബ്ധമായി രാജ്യസഭ

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖർഗെയുടെ വിവാദ പരാമർശത്തില്‍ രാജ്യസഭ പ്രക്ഷുബ്ധമായി. രാജ്യത്തിന് വേണ്ടി ബി ജെ പി ക്കാരുടെ വീട്ടില്‍ നിന്ന് ഒരു നായയെങ്കിലും മരിച്ചിട്ടുണ്ടോയെന്ന പരാമ‍ർശത്തില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, പുറത്ത് നടത്തിയ പ്രസ്താവനയിൽ സഭയിൽ ചർച്ച വേണ്ടെന്നും ഖ‌ർഗെ വ്യക്തമാക്കി.

രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയില്‍ മല്ലികാർജ്ജുൻ ഖർഗെ നടത്തിയ ഈ പരാമർശമാണ് ബി ജെ പി ആയുധമാക്കിയത്. രാജ്യസഭ തുടങ്ങിയപ്പോള്‍ തന്നെ ഖർഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി എം പിമാർ ബഹളം വെച്ചു. പ്രതിപക്ഷവും തിരിച്ചടിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ദേശീയ പാർട്ടിയുടെ അധ്യക്ഷന് സംസാരിക്കാൻ പോലും അറിയില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മ ഗാന്ധി പറഞ്ഞത് എന്തുകൊണ്ടാണെന്നതിന്‍റെ തെളിവാണിതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

എന്നാല്‍ മാപ്പ് പറയാൻ മല്ലികാർജ്ജുൻ ഖർഗെ തയ്യാറായില്ല. സ്വാതന്ത്ര്യസമരത്തിൽ ബി ജെ പിക്ക് ഒരു പങ്കുമില്ലെന്ന വാദത്തില്‍ ഉറച്ച് നല്‍ക്കുകയാണെന്നും ഖർഗെ പറഞ്ഞു. വിഷയത്തില്‍ ബഹളം തുടര്‍ന്നതോടെ രാജ്യസഭാ അധ്യക്ഷന്‍ ഇടപെട്ട് ഭരണപക്ഷത്തെയും പ്രതിപ്കത്തെയും നിയന്ത്രിക്കുകയായിരുന്നു. സിംഹത്തെപ്പോലെ അലറുന്നവർ ചൈന വിഷയത്തില്‍ എലിയെപ്പോലയാണെന്ന ഖർഗെയുടെ പരാർശവും വിവാദമായിരുന്നു.

Leave a Reply

Your email address will not be published.