‘അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഹൈവേകളിൽ നിന്ന് അകറ്റണം’; സംസ്ഥാനങ്ങളോട് നിതിൻ ഗഡ്കരി
ദേശീയ പാതകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. മൃഗങ്ങളെ റോഡിൽ നിന്ന് അകറ്റാൻ എക്‌സ്പ്രസ് വേകളിലും ദേശീയ പാതകളിലും വേലികൾ സ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. മൃഗങ്ങളുടെ സഞ്ചാരം മൂലമുണ്ടാകുന്ന റോഡപകടങ്ങൾ ദേശീയ പാതകളിൽ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ദേശീയപാതകൾ മെച്ചപ്പെട്ടതോടെ വാഹനത്തിരക്കും വർധിച്ചു. തൽഫലമായി, റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും കൂടിയുണ്ട്. ഹൈവേകളിൽ മൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കർശനമാക്കണം. മൃഗങ്ങൾ ദേശീയ പാതകളിലേക്ക് കടക്കാതിരിക്കാൻ എക്‌സ്പ്രസ് വേകളിലും ദേശീയ പാതകളിലും വേലികൾ സ്ഥാപിക്കണമെന്നും ഗഡ്കരി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
എക്‌സ്പ്രസ് വേകളിലും ദേശീയ പാതകളിലും മുളകൊണ്ട് നിർമ്മിച്ച ‘ബാഹു ബല്ലി’ വേലികൾ സ്ഥാപിക്കുമെന്നും ഛത്തീസ്ഗഡിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുമെന്നും ഗഡ്കരി കഴിഞ്ഞ ആഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. മുള ഉപയോഗിച്ച് നിർമിക്കുന്ന വേലികൾ ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങൾ ഹൈവേയിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ ആക്സിസ് കൺട്രോൾ റോഡുകൾ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.