ഓട്ടോ യാത്രയ്ക്കിടെ തർക്കം; മുംബൈയിൽ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
മുംബൈയിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ 30 കാരിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം.
സംഘർഷ് നഗർ ചന്ദിവാലി സ്വദേശിയായ പഞ്ചശീല അശോക് ജംദാറാണ് കൊല്ലപ്പെട്ടത്. ഓട്ടോ യാത്രയ്ക്കിടെ യുവതിയും കാമുകനും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും തുടർന്നുണ്ടായ ദേഷ്യത്തിൽ യുവാവ് പഞ്ചശീലയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും മുംബൈ പൊലീസ് പറഞ്ഞു.
റിക്ഷയ്ക്കുള്ളിൽ നിന്ന് കണ്ടെടുത്ത മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സക്കിനാക്ക പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ദീപക് ബോർസിനെ കണ്ടെത്തി.
പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിൽ നിസാര പരിക്കുകൾ ഉണ്ടായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദീപക് ബോർസിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് സക്കിനാക്ക പൊലീസ് കേസെടുത്തിരിക്കുന്നത്.