Wednesday, April 16, 2025
National

15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം ബലാത്സംഗം ചെയ്തു; മഠാധിപതി അറസ്റ്റിൽ

15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു മഠാധിപതി അറസ്റ്റിൽ. വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 63കാരനായ മഠാധിപതിയെ ഇത് രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

രണ്ട് വർഷത്തിലധികമായി തന്നെ ആശ്രമത്തിൽ ബന്ധിയാക്കി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി പരാതിനൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയെ ബന്ധുക്കൾ ആശ്രമത്തിൻ്റെ കീഴിൽ നടത്തുന്ന അനാഥാലയത്തിൽ അയക്കുകയായിരുന്നു.

എന്നും രാത്രി സ്വാമി തന്നെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുമായിരുന്നു എന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ഇയാൾ തന്നെ കിടപ്പുമുറിയിൽ കെട്ടിയിട്ടിരിക്കുകയാണ്. എല്ലാ ദിവസവും രണ്ട് സ്പൂൺ ഭക്ഷണം നൽകുമായിരുന്നു. ആഴ്ചയിൽ ഒരു തവണ മാത്രമാണ് തന്നെ കുളിക്കാൻ അനുവദിച്ചിരുന്നത് എന്നും കുട്ടി പറഞ്ഞു. ജൂൺ 13ന് ആശ്രമത്തിൽ നിന്നു രക്ഷപ്പെട്ട പെൺകുട്ടി ഒരു ട്രെയിനിൽ കയറുകയും ഒരു യാത്രക്കാരിയോട് വിവരം പറയുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആശുപത്രി അധികൃതർ പൊലീസിൻ്റെ കത്ത് ആവശ്യപ്പെട്ടു. കത്ത് വാങ്ങിയ ശേഷം യാത്രക്കാരി പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിലെത്തിച്ചു. തനിക്ക് ഏൽക്കേണ്ടിവന്ന ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞതോടെ ശിശുക്ഷേമ സമിതി കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് പൊലീസ് കേസെടുത്തത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്വാമി പൂർണാനന്ദ തള്ളി. ചിലർ തൻ്റെ ആശ്രമം കൈക്കലാക്കാൻ ശ്രമിക്കുകയാണെന്നും ഇതിനു വേണ്ടിയാണ് ഇപ്പോൾ ആരോപണങ്ങൾ ഉയർത്തുന്നതെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ജൂൺ 15ന് ആശ്രമം അധികൃതർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

2012ൽ ഇതേ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാവാത്ത മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *