Monday, January 6, 2025
National

കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് കൃഷി മന്ത്രി

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 23,000 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിലൊന്ന് കല്ലിയൂരാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ പാക്ക് ചെയ്യുന്നതിന് കല്ലിയൂരിലെ കര്‍ഷകര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ വിദഗ്ധ പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കോഷോപ്പില്‍ സംഭരിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും കല്ലിയൂര്‍ ഗ്രീന്‍സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള 176 കൃഷിക്കൂട്ടങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉത്പന്നങ്ങള്‍ വാങ്ങാനും ഇക്കോഷോപ്പിലൂടെ കഴിയും. തദ്ദേശീയമായി നിര്‍മിക്കുന്ന മഞ്ഞള്‍പ്പൊടി, നാടന്‍ കുത്തരി, പച്ചരി, വയനാടന്‍ സ്‌റ്റൈലില്‍ ഉത്പാദിപ്പിച്ച നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി അരി, വിവിധ അരിയുത്പന്നങ്ങള്‍, ചക്കയില്‍ നിന്നുണ്ടാക്കിയ 10 മൂല്യവര്‍ദ്ധിത ഉത്പ്പനങ്ങള്‍, വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികള്‍ തുടങ്ങിയ നാല്‍പ്പതോളം സാധനങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്.

അവിയല്‍, തോരന്‍, സാമ്പാര്‍ തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറാക്കിയ കട്ട് വെജിറ്റബിളുകള്‍ക്കും ആവശ്യക്കാരേറെയാണ്. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്സാപ്പിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. നഗരത്തിലെ 25 കിലോമീറ്റര്‍ പരിധിയില്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും.

കല്ലിയൂര്‍ ഗ്രീന്‍സ് ലോഗോയുടെ പ്രകാശനവും കൃഷിക്കൂട്ടങ്ങള്‍ക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധതി, കൃഷിക്കൂട്ടങ്ങള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കല്‍, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മികച്ച പ്രകടനം കാഴ്ചവച്ച കര്‍ഷക കൂട്ടങ്ങള്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവരെ ആദരിക്കല്‍ ചടങ്ങും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *