Thursday, January 9, 2025
National

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു നടപടി’; 2000 രൂപ നോട്ട് പിൻവലിച്ചതിൽ മോദിക്കെതിരെ ഖാർഗെ

ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു നോട്ട് നിരോധനമാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. കർണാടകയിൽ പുതുതായി രൂപീകരിച്ച കോൺഗ്രസ് സർക്കാരിനെ സ്നേഹത്തിന്റെ സർക്കാർ എന്ന് വിളിച്ച അദ്ദേഹം, തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് ഉറപ്പുനൽകി.

മോദി എപ്പോൾ ജപ്പാനിൽ പോയാലും നോട്ട് നിരോധനം കൊണ്ടുവരും. കഴിഞ്ഞ തവണ ജപ്പാനിൽ പോയപ്പോൾ 1000 രൂപ നോട്ടാണ് നിരോധിച്ചതെങ്കിൽ ഇത്തവണ 2000 രൂപ നോട്ട്. ഇത് രാജ്യത്തിന് ഗുണം ചെയ്യുമോ അതോ നഷ്ടമുണ്ടാക്കുമോ എന്നുപോലും മോദിക്ക് അറിയില്ല. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള നടപടി മാത്രമാണിതെന്നും ഖാർഗെ ആരോപിച്ചു. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത ശേഷം ചടങ്ങിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *