Friday, April 11, 2025
National

ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: മ്യൂക്കോമൈക്കോസിസ് എന്ന ബ്ലാക് ഫംഗസ് രോഗം പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും എന്നാല്‍ മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഇനി മുതല്‍ എല്ലാ ബ്ലാക് ഫംഗസ് കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി. അടുത്ത കാലത്തായി മ്യൂക്കോമൈക്കോസിസ് എന്ന ഫംഗസ് അണുബാധയുടെ രൂപത്തില്‍ ഒരു പുതിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഇത് പല സംസ്ഥാനങ്ങളില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ബ്ലാക് ഫംഗസ് ചികിത്സയ്ക്ക് നേത്ര ശസ്ത്രക്രിയാ വിദഗ്ധര്‍, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുകള്‍, ജനറല്‍ സര്‍ജനുകള്‍, ന്യൂറോ സര്‍ജന്‍മാര്‍, ഡെന്റല്‍ ഫേഷ്യല്‍ സര്‍ജന്‍മാര്‍, എന്നിവരുടെ സേവനം ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ ബ്ലാക് ഫംഗസ് ബാധിച്ച 1,500 കേസുകളും 90 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനും തെലങ്കാനയും ഇതിനകം ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. എന്നാല്‍ ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയല്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തോടെ കേരളത്തിന് ഈ നിലപാട് തിരുത്തേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *