മൊബൈൽ മോഷ്ടിച്ചെന്ന് ആരോപണം, യുപിയിൽ 20 കാരനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു
അയോധ്യ-ഡൽഹി എക്‌സ്‌പ്രസിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് 20 കാരനെ ജനക്കൂട്ടം കൊലപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവിനെ നിഷ്കരുണം മർദ്ദിച്ച ശേഷം തള്ളിയിടുകയായിരുന്നു. ഷാജഹാൻപൂരിലെ തിൽഹാർ റെയിൽവേ സ്റ്റേഷന് സമീപം ഓവർഹെഡ് ലൈൻ തൂണിൽ തലയിടിച്ചാണ് യുവാവ് മരിച്ചത്.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരി പരാതിപ്പെട്ടു. മറ്റു യാത്രക്കാർ നടത്തിയ തെരച്ചിലിൽ ലഖ്‌നൗവിൽ നിന്ന് ട്രെയിനിൽ കയറിയ യുവാവിൽ നിന്നും ഫോൺ കണ്ടെത്തി. തുടർന്ന് ജനക്കൂട്ടം അരമണിക്കൂറോളം മർദ്ദിച്ച ശേഷം യുവാവിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു. ഇയാളുടെ വികൃതമായ മൃതദേഹം പിന്നീട് ട്രാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിൽ കുറച്ച് യാത്രക്കാർ യുവാവിനെ നിഷ്കരുണം മർദിക്കുന്നതായി കാണാം. മറ്റ് യാത്രക്കാർ ചിരിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. കേസിലെ മുഖ്യപ്രതി നരേന്ദ്ര ദുബെയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ പരുക്കേറ്റ് കരയുകയായിരുന്നു 20 കാരനെ നരേന്ദ്രയാണ് ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.