സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 9 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ പുന: രാരംഭിക്കുക. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും പൂര്‍ണ്ണമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രതിരോധ കുത്തിവയ്പ്പിന് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
50% ശേഷിയില്‍ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്ലാസുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് താപനില പരിശോധന നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.