കള്ളക്കുറിശിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; റീപോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും
തമിഴ്‌നാട് കള്ളക്കുറിശി ശക്തി മെട്രിക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ റീപോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ കള്ളക്കുറിശിജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം. കുടുംബത്തിന്റെ ആവശ്യപ്രകാരം മദ്രാസ് ഹൈക്കോടതിയാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവിട്ടത്.
വിദഗ്ദരുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായി നടപടികള്‍ വിഡിയോയില്‍ പകര്‍ത്തും. സ്‌കൂളിലെ സംഘര്‍ഷത്തില്‍ ഇതുവരെ 375 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിലാണ് കള്ളക്കുറിശിയിലെ സാഹചര്യത്തില്‍ ഏകോപിപ്പിക്കുന്നത്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്ന സേലത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.
സ്‌കൂള്‍ ക്യാമ്പസില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്.ചിന്നസേലത്തേത് പദ്ധതിയിട്ട് നടപ്പാക്കിയ പ്രതിഷേധമെന്ന് കോടതി പറഞ്ഞു.പ്രതിയെ പിടിക്കാന്‍ സ്‌കൂള്‍ കത്തിച്ചാല്‍ മതിയോയെന്നും കുട്ടികളുടെ ടീസിയും മറ്റ് രേഖകളും അടക്കം കത്തിക്കാന്‍ ആരാണ് അനുവാദം തന്നതെന്നും പ്രതിഷേധക്കാരോട് മദ്രാസ് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ജഡ്ജ് സതീഷ് കുമാര്‍ ചോദിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശിവശങ്കര്‍, അധ്യാപിക ശാന്തി, സ്‌കൂള്‍ സെക്രട്ടറി കൃതിക, മാനേജ്‌മെന്റ് പ്രതിനിധി രവികുമാര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഈ മാസം 31 വരെയാണ് കള്ളക്കുറിശിയില്‍ നിരോധനാജ്ഞ.