പ്രതിപക്ഷത്തിന് സ്ത്രീവിരുദ്ധ മനോഭാവം, സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒ.ബി.സി വിഭാഗവും, കര്‍ഷകരുടെ മക്കളും: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ആദ്യദിനം തന്നെ ലോക്സഭ പ്രതിപക്ഷ ബഹളത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തുന്നത് തടസപ്പെടുത്തിയാണ് പ്രതിപക്ഷ എം.പിമാര്‍ നിയമസഭയിൽ ബഹളമുണ്ടാക്കിയത്.
പുതിയ കേന്ദ്രമന്ത്രിമാരിൽ കൂടുതല്‍ സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ നിന്നുളള അംഗങ്ങളുമാണ്. അവർ മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ദഹിക്കുന്നില്ലെന്ന് തോന്നുന്നതായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതില്‍ എല്ലാവര്‍ക്കും അഭിമാനം ഉണ്ടാകണം. സത്യപ്രതിജ്ഞ ചെയ്തവരില്‍ ചിലര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുളളവരും കര്‍ഷകരുടെ മക്കളുമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
‘സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള, ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് അഭിമാനകരമാണ്. എന്നാല്‍ ചില ആളുകള്‍ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വനിതാ മന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ അവര്‍ക്ക് സ്ത്രീവിരുദ്ധ മനോഭാവവുമുണ്ട്. അത്തരമൊരു നിഷേധാത്മക മനോഭാവം പാര്‍ലമെന്റില്‍ കണ്ടിട്ടില്ലെ’ന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.