Monday, January 6, 2025
National

ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുത്; ഉത്തരവുമായി സിബിഎസ്ഇ

ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുതെന്ന് സ്‌കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ. നേരത്തെ ക്ലാസുകൾ ആരംഭിക്കുന്നത് കുട്ടികളിൽ ആശങ്കയും മടുപ്പുമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിർദേശം.

പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ നേരത്തെ തന്നെ ക്ലാസുകൾ ആരംഭിച്ചുവെന്ന റിപ്പോർട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇയുടെ മുന്നറിയിപ്പ്. ‘ചില സ്‌കൂളുകൾ നേരത്തെ തന്നെ ക്ലാസുകൾ ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുറഞ്ഞ സമയത്തിൽ ഒരു വർഷത്തെ പാഠഭാഗങ്ങൾ തീർക്കുന്നത് കുട്ടികളിൽ ആശങ്കകൾ സൃഷ്ടിക്കുകയും അധ്യാപകരുടെ വേഗത്തിനൊപ്പം എത്താൻ സാധിക്കാത്ത കുട്ടികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യും’- സിബിഎസ്ഇ സെക്രട്ടറി അനുരാഗ് തൃപാഠി ഔദ്യോഗിക ഉത്തരവിൽ പറയുന്നു.

ക്ലാസുകൾ നേരത്തെ ആരംഭിക്കുന്നത് കുട്ടികളിലെ മറ്റ് എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്കുള്ള സമയം നഷ്ടപ്പെടുത്തുമെന്നും സിബിഎസ്ഇ നിരീക്ഷിച്ചു. പഠനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളെന്നും അവ നൽകുന്ന മാനസിക -ശാരീരിക ആരോഗ്യം പ്രധാനപ്പെട്ടതാണെന്നും സിബിഎസ്ഇ പറഞ്ഞു.

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 15 ന് തുടങ്ങിയ പരീക്ഷ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർച്ച് 21 നും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏപ്രിൽ 5നും സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *