പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഒഎംആർ പരീക്ഷ; മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കി
പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍നിന്നു ശരിയുത്തരം കണ്ടെത്തുന്ന തരത്തില്‍ ഒഎംആർ പരീക്ഷയാണ് നടക്കുക.
കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഓഫ്‌ലൈനായി തന്നെ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു സിബിഎസ്ഇ. പത്താം ക്ലാസിലെ ഒന്‍പത് വിഷയങ്ങളിലും പ്ലസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്‌ലൈന്‍ പരീക്ഷ നടക്കുക. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും. ഒഎംആർ ഷീറ്റുകൾ സ്‌കൂളുകൾ പ്രിന്‍റ് എടുത്തുനൽകണം. ഇതിൽ വിദ്യാർഥികളുടെ പേരും വിഷയവും തിയതിയും രേഖപ്പെടുത്തിയിരിക്കുമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
ചോദ്യപേപ്പർ കോഡ് വിദ്യാർഥികൾ എഴുതണം. ഒഎംആർ ഷീറ്റിൽ വിദ്യാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിടണം. പെൻസിൽ ഉപയോഗിച്ചാൽ അസാധുവാകുമെന്നും നിർദേശമുണ്ട്.