ഡല്‍ഹി പൊലീസിന്റെ നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി; രാഹുല്‍ ഗാന്ധി
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക തിക്രമങ്ങളെ കുറിച്ചുള്ള തന്റെ പ്രസ്താവനയ്‌ക്കെതിരായ നോട്ടീസിന് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഡല്‍ഹി പൊലീസിന്റെ നോട്ടീസിനാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി.
ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന പ്രസ്താവന നടത്തിയത്. നാല് പേജുള്ള പ്രാഥമിക മറുപടിയാണ് രാഹുല്‍ അയച്ചത്. ജനുവരി 30ന് ജോഡോ യാത്രയില്‍ നടത്തിയ തന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ഡല്‍ഹി പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി 10 ദിവസം വരെ സമയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് എത്തിയതെന്നാണ് സ്‌പെഷല്‍ പൊലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചത്.
പത്ത് പോയിന്റുകള്‍ ചൂണ്ടിക്കാണിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മറുപടിയില്‍ ഡല്‍ഹി പൊലീസിന്റെ നടപടിയെ അഭൂതപൂര്‍വ്വമെന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. പ്രാഥമിക മറുപടി ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന വിവരങ്ങളൊന്നും രാഹുല്‍ ഗാന്ധി പങ്കുവച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
രാവിലെ പത്ത് മണിയോടെ രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയ ഡല്‍ഹി പൊലീസിന്റെ സംഘം രാഹുല്‍ ഗാന്ധിയെ കാണാനാകാതെ മടങ്ങുകയായിരുന്നു. പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ രണ്ടര മണിക്കൂറോളമാണ് രാഹുലിനെ കണ്ട് മൊഴിയെടുക്കാന്‍ കാത്തുനിന്നത്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധത്തോടെ രംഗത്തെത്തി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.