Saturday, October 19, 2024
Gulf

എസ്എന്‍സിഎസ് ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍: ബഹ്‌റൈനില്‍ അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു

എസ്എന്‍സിഎസ് ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാനവും വിവിധ പരിപാടികളോടെ നടന്നു. ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 2022-2023 വര്‍ഷത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണചടങ്ങ് 2023 മാര്‍ച്ച് 17 വെള്ളിയാഴ്ച വൈകിട്ട് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ മുന്‍ കേരള ആരോഗ്യ, റവന്യൂ മന്ത്രിയും ആറ്റിങ്ങല്‍ എം.പിയുമായ ശ്രീ. അടൂര്‍ പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സോപാനം വാദ്യകലാസംഘത്തിലെ അമ്പതില്‍പരം കലാകാരന്‍മാരുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ വിവിധ ഏരിയ യൂണിറ്റുകളുടെയും സഹോദര സംഘടനകളുടെയും നേതൃത്വത്തില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടുകൂടിയായിരുന്നു ‘ഗുരുദീപം 2023 ‘എന്ന ഈ മെഗാ പരിപാടിയുടെ തുടക്കം. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം 108 പേര്‍ ചേര്‍ന്ന് നടത്തിയ ദൈവദശക ആലാപനം സദസ്സിനെ ഭക്തിസാന്ദ്രമാക്കി. ശേഷം എസ് എന്‍ സി എസിലെ യുവകലാകാരികള്‍ അവതരിപ്പിച്ച പൂജാനൃത്തം വേദിയില്‍ അരങ്ങേറി.

പ്രവാസി ഭാരതീയ പുരസ്‌കാര സമ്മാന്‍ ജേതാവായ കെ.ജി ബാബുരാജ് രക്ഷാധികാരിയായ ചടങ്ങില്‍ ഇന്ത്യന്‍ ലോകസഭാംഗം അടൂര്‍ പ്രകാശ് മുഖ്യാതിഥിയായും , ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ. രാവിശങ്കര്‍ ശുക്ലയും മുന്‍ എം എല്‍ എയും മികച്ച വാക്മിയുമായ അഡ്വ. കെ എന്‍ എ ഖാദറും വിശിഷ്ടാതിഥികളായും പങ്കെടുത്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട ബഹ്‌റൈനിലെ വിശിഷ്ട വ്യക്തിത്ത്വങ്ങളും സംഘടന പ്രതിനിധികളും വേദിയിലും സദസ്സിലും സന്നിഹിതരായിരുന്നു.

എസ് എന്‍ സി എസ് ജനറല്‍ സെക്രട്ടറി വി. ആര്‍. സജീവന്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ ശ്രീ. സുനിഷ് സുശീലന്‍ അധ്യക്ഷപ്രസംഗം നടത്തി. മുഖ്യാതിഥി ശ്രീ. അടൂര്‍ പ്രകാശ് എം പിയുടെ ഉത്ഘാടനത്തിന് ശേഷം നിലവിലെ എസ്എന്‍സിഎസ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ്, പേട്രണ്‍ ശ്രീ. കെ ജി ബാബുരാജും ചെയര്‍മാന്‍ ശ്രീ സുനീഷ് സുശീലനും ചേര്‍ന്ന് നിര്‍വഹിച്ചു.

ഉത്ഘാടകനും പ്രത്യേകം ക്ഷണിക്കപ്പെട്ട ബഹ്‌റൈനിലെ വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിന് ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. മുന്‍ എംഎല്‍എയും മികച്ച വാഗ്മിയുമായ അഡ്വ. കെ എന്‍ എ ഖാദര്‍ ഗുരുവിന്റെ മഹിമയും സനാതന സംസ്‌കാരവും പകര്‍ന്നു തരുന്ന വിജ്ഞാനപ്രദവും പ്രാഢശംഭീരവുമായ ആശംസ പ്രസംഗം നടത്തി സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.

ബഹ്റൈന്‍ പൊതുസമൂഹത്തിനു നല്‍കുന്ന സംഭാവനകളെ മാനിച്ചു മെഗാമാര്‍ട്ടിനു ‘ ഗുരുസ്മൃതി’ അവാര്‍ഡ് ജി എം അനില്‍ നവാനിയും, ആതുര സേവന രംഗത്ത് അല്‍ഹിലാല്‍ ഹോസ്പ്പിറ്റല്‍ നല്‍കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ ഗുരുസാന്ത്വനം’അവാര്‍ഡ് സിഇഒ ഡോ ശരത് ചന്ദ്രനും ഏറ്റുവാങ്ങി. മാസ്റ്റര്‍കാര്‍ഡ് കണ്‍ട്രി ഹെഡ് ആയ ശ്രീ. വിഷ്ണു പിള്ളക്ക് ‘ഗുരുസമക്ഷം’ അവാര്‍ഡ്, മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഐമാക് ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍ന്മാന്‍ ശ്രീ. ഫ്രാന്‍സിസ് കൈതാരത്തിന് ‘ഗുരുസേവ’ അവാര്‍ഡ്, കര്‍ണ്ണാടക സര്‍ക്കാരിന്റെ മാനവിക സേവയെ മുന്‍നിര്‍ത്തി ആദരിക്കപ്പെട്ട ശ്രീ. രാജ്കുമാര്‍ ഭാസ്‌ക്കറിനു ‘ ഗുരുകൃപ’ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചു. തുടര്‍ന്നുള്ള ചടങ്ങില്‍ എസ് എന്‍ സി എസി ന്റെ കഴിഞ്ഞ രണ്ട് ഘട്ടത്തിലെ കമ്മറ്റി അംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിന് മെമെന്റോകള്‍ നല്‍കി ആദരിക്കുകയുണ്ടായി. തുടര്‍ന്ന് വേദിയില്‍ ബഹ്‌റൈന്‍ ബില്ലാവാസ് , കലാകേന്ദ്ര എന്നീ സംഘടനകളിലെ കലാകാരികളും,കലാകാരന്‍മാരും അവതരിപ്പിച്ച മനോഹരമായ നൃത്തവും അരങ്ങേറി. സദസ്സിനെ ഇളക്കിമറിച്ച്, ആവേശം കൊള്ളിച്ച് സെലിബ്രിറ്റിയും പിന്നണി ഗായികയുമായ രഞ്ജിനി ജോസും , ശ്യാംലാലും അവതരിപ്പിച്ച സംഗീതനിശ ഈ മെഗാ പരിപാടിയുടെ മറ്റൊരു പ്രധാന ആകര്‍ഷക ഘടകം ആയിരുന്നു. ചടങ്ങില്‍ മനീഷ സന്തോഷ്, ബിജു എം സതീഷ് എന്നിവര്‍ അവതാരകരായെത്തി.

നീണ്ട ഒരു ഇടവേളക്കു ശേഷം നടത്തപ്പെട്ട ഈ മെഗാ പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും സദസ്സിനും, കുടുംബാംഗങ്ങള്‍ക്കും പരിപാടിക്കു വേണ്ടുന്ന സഹായസഹകരണങ്ങള്‍ ചെയ്തുതന്ന ഓരോരരുത്തര്‍ക്കും എസ് എന്‍ സി എസ് വൈസ് ചെയര്‍മാന്‍ ശ്രീ. സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.