Sunday, January 5, 2025
National

ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്താന് വിവരം കൈമാറിയ സൈനിക ജീവനക്കാരനു പണം ലഭിച്ചത് കേരളം വഴി

ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍ മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറിയതിന് ഹരിയാനയിലെ റെവാരിയില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ ജയ്പൂരില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസ് വിഭാഗത്തില്‍ ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്ത് വന്നിരുന്ന മഹേഷ് കുമാറാണ് അറസ്റ്റിലായത്. ലക്‌നൗ മിലിട്ടറി ഇന്റലിജന്‍സ്, ഹരിയാന എസ്ടിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

ഹണി ട്രാപ്പില്‍ കുടുങ്ങിയ ഇയാള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പാകിസ്താന്‍ എം.ഐ യൂണിറ്റ് പ്രവര്‍ത്തകരുമായി ഫെയ്‌സ്ബുക്ക് വഴി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മഹേഷിന്റെ മൊബൈല്‍ ഫോണും പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. പണത്തിന് പകരമായി ചില തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്താന്‍ എം.ഐക്ക് കൈമാറിയതായി കണ്ടെത്തി.

 

‘മാഡംജി’ എന്നാണ് ഈ വ്യക്തിയെ മഹേഷ് കുമാര്‍ അഭിസംബോധന ചെയ്തിരുന്നത്. ‘ഓപ്പറേഷന്‍ മാഡംജി’ എന്ന പേരിലാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. പാകിസ്താന്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടു കിടക്കുന്ന മൂന്നോളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമായി ഇയാള്‍ ചങ്ങാത്തം സ്ഥാപിച്ച് വന്നിരുന്നു. ഇയാള്‍ക്ക് പാകിസ്താനിലെ വ്യക്തിയില്‍ നിന്നും കേരളം വഴി 5000 രൂപ വീതം രണ്ട് തവണയായി ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

 

സെപ്തംബര്‍ 2019, ജനുവരി 2020ലുമാണ് പണം കൈമാറിയിരിക്കുന്നത്.ജൂണ്‍ മാസത്തില്‍ ലഖ്‌നൗ എം.ഐക്ക് ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ജയ്പൂര്‍ ആസ്ഥാനമായുള്ള ആര്‍മി ബ്രിഗേഡിന്റെ ഓര്‍ഡര്‍ ഓഫ് ബാറ്റിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജയ്പൂരിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, പിസിഡിഎ ജയ്പൂരിന്റെ സ്ഥാനം, ചില നിര്‍ണായക രേഖകളുടെ വിശദാംശങ്ങള്‍, ജയ്പൂര്‍ കന്റോണ്‍മെന്റിലെ കൊറോണ വിശദാംശങ്ങള്‍, പുതിയ നിയമനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഇയാള്‍ കൈമാറിയിട്ടുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഹര്‍ലിന്‍ ഗില്‍ എന്ന വ്യാജ പേരിലാണ് പാക് അക്കൗണ്ടില്‍ നിന്ന് മഹേഷ് കുമാറുമായി ചങ്ങാത്തം തുടങ്ങുന്നത്. പിന്നീട് ഓഡിയോ, വീഡിയോ ചാറ്റുകള്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു. ജലന്ധറിലെ പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് (പിസിഡിഎ) ഓഫീസില്‍ ജോലി ചെയ്യുന്നുവെന്നാണ് വ്യജഅക്കൗണ്ടില്‍ നിന്ന് പറഞ്ഞിരുന്നത്. പിന്നീട് ഇവരുടെ ചങ്ങാതി എന്ന പേരിലാണ് മറ്റ് പാക് അക്കൗണ്ടുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. ഇവരുമായും മഹേഷ് ബന്ധം സ്ഥാപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *