മകൻ ബുദ്ധമതക്കാരിയോടൊപ്പം ഒളിച്ചോടി, ലഡാക്കിൽ മുസ്ലീം നേതാവിനെ പുറത്താക്കി ബിജെപി
ലഡാക്കിലെ പാർട്ടി വൈസ് പ്രസിഡന്റിനെ പുറത്താക്കി ബിജെപി. വൈസ് പ്രസിഡന്റ് നസീർ അഹമ്മദിന്റെ മകൻ ബുദ്ധമതക്കാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്നാണ് നടപടി. സംഭവം സാമുദായിക സൗഹാർദ്ദത്തിനും ഐക്യത്തിനും ഭീഷണിയാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു. നസീറിന് സംഭവത്തിൽ പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാനും പാർട്ടി സമയം അനുവദിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പ് നസീർ അഹമ്മദിന്റെ മകൻ മൻസൂർ അഹമ്മദ് ഒളിച്ചോടി ഒരു ബുദ്ധമതക്കാരിയെ വിവാഹം കഴിച്ചിരുന്നു. സംഭവത്തിൽ പങ്കുണ്ടോ എന്ന് അറിയിക്കാൻ നാസിർ അഹമ്മദിന് സമയം പാർട്ടി നൽകി. തനിക്ക് ഇവർ എവിടെയെന്ന് അറിയുമായിരുന്നില്ലെന്നും സൗദിയിൽ ഹജ്ജ് കർമ്മങ്ങൾക്കായി താൻ പോയ സമയത്തായിരുന്നു മകന്റെ വിവാഹമെന്നും പാർട്ടി നേതൃത്വത്തെ നാസിർ അഹമ്മദ് അറിയിച്ചു.
ഈ വിശദീകരണം തള്ളിയാണ് പാർട്ടി അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. സംഭവം ലഡാക്കിൽ സാമുദായിക സഹവർത്തിത്വത്തെ വളരെയധികം ബാധിച്ചതിനാലാണ് തീരുമാനമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. താനും കുടുംബവും ഈ വിവാഹത്തിന് എതിരായിരുന്നുവെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം നസീർ അഹമ്മദ് പ്രതികരിച്ചു.
ഒരു മാസമായി മകനും ഭാര്യയും എവിടെയാണെന്ന് അറിയില്ല. ഇരുവരേയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. താനും കുടുംബവും ഈ വിവാഹത്തിന് എതിരാണ് എന്നിരിക്കെ മകന്റെ വിവാഹത്തിന് തന്നെ എന്തിനാണ് ഉത്തരവാദിയാക്കുന്നതെന്ന് അറിയില്ലെന്നും നസീർ പറഞ്ഞു.