24 മണിക്കൂർ ജയിൽ പുള്ളിയാകണോ; 500 രൂപയ്ക്ക് കാര്യം നടക്കും
ജയിലിലേക്ക് പോകാൻ ആർക്കും താത്പര്യമുണ്ടാകില്ല. കാരണം സ്വാതന്ത്ര്യമില്ലാതെ ഒരു മതിൽക്കെട്ടിനുള്ളിൽ യാതൊരു സൗകര്യങ്ങളുമില്ലാതെയുള്ള ജീവിതം അത്ര സുഖമുള്ള കാര്യമല്ല. പക്ഷേ ഒരു ദിവസത്തേക്ക് ഒക്കെ ജയിൽ ജീവിതം മനസ്സിലാക്കാൻ പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകില്ലേ. അത്തരക്കാർക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കർണാടക ബെലഗാവിയിലെ സെൻട്രൽ ജയിൽ അധികൃതർ.
24 മണിക്കൂർ ജയിൽപുള്ളിയുടെ ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഹിൻഡാൽഗ സെൻട്രൽ ജയിലിൽ ഒരു ദിവസം കഴിയണമെങ്കിൽ അഞ്ഞൂറ് രൂപ മാത്രം നൽകിയാൽ മതിയാകും. എന്നാൽ ജയിൽ ടൂറിസം പദ്ധതിക്ക് കർണാടക സർക്കാർ അന്തിമ അനുമതി നൽകേണ്ടതുണ്ട്.
കാര്യം ടൂറിസ്റ്റ് ആയാണ് ജയിലിലേക്ക് പോകുന്നതെങ്കിലും സാധാരണ തടവുകാരോടെന്ന പോലെ തന്നെയാകും അധികൃതർ നിങ്ങളോടും പെരുമാറുക. പുലർച്ചെ തന്നെ എഴുന്നേൽക്കണം. ജയിൽ യൂണിഫോം ധരിക്കണം. യൂണിഫോമിൽ മറ്റ് തടവുപുള്ളികൾക്ക് നൽകുന്ന പോലെ നമ്പറുമുണ്ടാകും. ജയിലിലെ മറ്റ് തടവുകാർക്കൊപ്പം സെൽ പങ്കിടേണ്ടതായും വരും. തടവുകാർക്ക് ലഭിക്കുന്ന അതേ ഭക്ഷണം തന്നെയാകും നിങ്ങൾക്കും ലഭിക്കുക
തടവുകാർക്ക് ചെയ്യേണ്ട പൂന്തോട്ട നിർമാണം, ശുചീകരണം തുടങ്ങിയ പണികളും എടുക്കേണ്ടി വരും. ചായ കുടിക്കുന്നതിന് മുമ്പ് സെൽ വൃത്തിയാക്കണം. ഒരു മണിക്കൂറിന് ശേഷം ബ്രേക്ക് ഫാസ്റ്റ് ലഭിക്കും. ഉച്ചയ്ക്ക് 11 മണിക്ക് ചോറും സാമ്പാറും കിട്ടും. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രമാകും ഭക്ഷണം.
ശനി, ഞായർ ദിവസങ്ങളിലാണ് ടൂറിസ്റ്റായി ജയിലിലേക്ക് പോകുന്നതെങ്കിൽ നോൺ വെജ് ഭക്ഷണവും ലഭിക്കും. രാത്രി ഭക്ഷണത്തിന് ശേഷം പായയും കിടക്കയും സ്വയമെടുത്ത് സെല്ലുകളിലേക്ക് പോയി മറ്റുള്ളവർക്കൊപ്പം കിടന്നുറങ്ങണം. വധശിക്ഷ കാത്ത് കഴിയുന്ന 29 കൊടുംകുറ്റവാളികളെ അടക്കം പാർപ്പിച്ചിരിക്കുന്ന ജയിലാണ് ഹിൻഡാൽഗ സെൻട്രൽ ജയിൽ