ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതിഹാസ ജീവിതം വിട പറയുമ്പോൾ
ഇതിഹാസതുല്യനായിരുന്നു എസ് പി ബി എന്ന് മൂന്നക്ഷരത്തിൽ അറിയിപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പ്രേമികൾക്ക് ആ മൂന്നക്ഷരം ഒരു വികാരമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ മഹത് വ്യക്തിത്വം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.05ന് മരണത്തിലേക്ക് നടന്നടുത്തു
എസ് പി ബി വ്യക്തിമുദ്ര പതിക്കാത്ത മേഖലകളില്ല. ഗായകനായും നടനായും സംഗീത സംവിധായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും എസ് പി ബിയെ കണ്ടു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വരെ സംഗീത ലോകത്ത് സജീവമായിരുന്നു ഈ 74കാരൻ.
16 ഭാഷകളിലായി നാൽപതിനായിരത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഏറ്റവുമധികം ചലചിത്ര പിന്നണി ഗാനങ്ങൾ പാടിയ ഗായകനെന്ന ഗിന്നസ് റെക്കോർഡിനും ഉടമ. 1946ൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ജനനം. എൻജിനീയറിംഗ് പഠനത്തിനിടയിലാണ് സംഗീതപാടവം അദ്ദേഹം മിനുക്കിയെടുക്കുന്നത്
തെലുങ്ക് ചിത്രത്തിൽ പാടിക്കൊണ്ടായിരുന്നു തുടക്കം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ തുടങ്ങിയ വിവിധ ഭാഷകളിൽ അദ്ദേഹത്തിന്റെ ശബ്ദമാധുര്യം ആരാധകർ ആസ്വദിച്ചു. നാല് ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരത്തിനും ഉടമയാണ് എസ് പി ബി
ആന്ധ്രാ സർക്കാരിന്റെ നന്ദി അവാർഡ് 25 തവണ കരസ്ഥമാക്കി. 2001ൽ പത്മശ്രീയും 2011ൽ പത്മവിഭൂഷണും നൽകി രാജ്യവും ആദരിച്ചു. സാവിത്രിയാണ് എസ് പി ബിയുടെ ഭാര്യ. എസ് പി ചരൺ, പല്ലവി എന്നിവരാണ് മക്കൾ.