ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറുടെ സ്വത്ത് ജമ്മു കശ്മീരിൽ കണ്ടുകെട്ടി
ഒളിവിലായിരുന്ന ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അബ്ദുൾ റാഷിദിന്റെ ദോഡയിലെ സ്വത്ത് ജമ്മു കശ്മീർ അധികൃതർ കണ്ടുകെട്ടി. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച് റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ഭൂമി പിടിച്ചെടുത്തത്.
ദോഡ ജില്ലയിലെ താത്രിയിലെ ഖാൻപുര ഗ്രാമത്തിൽ നാല് കനാലുകളോളം വരുന്ന ഭൂമിയാണ് സംയുക്ത സംഘം കണ്ടുകെട്ടിയതെന്ന് ദോഡ സീനിയർ പൊലീസ് സൂപ്രണ്ട് അബ്ദുൾ ഖയൂം വാർത്താ ഏജൻസിയോട് പറഞ്ഞു. പാകിസ്താനിലേക്ക് പലായനം ചെയ്ത മറ്റ് പ്രാദേശിക ഭീകരർക്കെതിരെയും സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1993ൽ പാക് അധീന കശ്മീരിൽ പോയ റാഷിദ് ആയുധപരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയും ദോഡയിലെ ഭീകര പ്രവർത്തനങ്ങളിൽ സജീവമായി തുടരുകയും ചെയ്തതായി അധികൃതർ പറഞ്ഞു. സിവിലിയന്മാർക്കും സുരക്ഷാ സേനയ്ക്കും നേരെയുള്ള ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ജമ്മു കശ്മീർ യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതിന് ലഷ്‌കർ ഇ ടി കമാൻഡർക്കെതിരെ ആരോപണമുണ്ട്.