ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം; യാത്രയുടെ പുരോഗതി വിലയിരുത്തും
ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം. ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവര്‍ത്തകർ നൽകിയത്.
രാവിലെ ആറരയ്ക്കു വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിക്കുകയും ചെയ്ത ശേഷം നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത്. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ രാഹുലും സംഘവും എത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒരു വന്‍ ജനനിര അവിടെ കാത്ത് നിന്നു.
അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോയാത്രയുടെ മഹത്വത്തെ ഇകഴ്ത്തി അതിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് സിപിഐഎം തുടക്കം മുതല്‍ നടത്തുന്നതെന്നും കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തെ രാഹുല്‍ ഗാന്ധി കാണുന്നതും സംവദിക്കുന്നതും സിപിഐഎം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിക്കുന്നുയെന്ന് ഇതിലൂടെ വ്യക്തമായെന്നും സുധാകരൻ പ്രസ്താവനിയിലൂട അഭിപ്രായപ്പെട്ടു.