Tuesday, March 11, 2025
National

സൈക്കിളിൽ പോകവെ യുവാക്കൾ ഷാൾ വലിച്ച് വീഴ്ത്തി, യുപിയിൽ ബൈക്ക് കയറി പെൺകുട്ടിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ഷാൾ വലിച്ച് വീഴ്ത്തി യുവാക്കൾ. ബാലൻസ് നഷ്ടപ്പെട്ട് നിലത്തുവീണ പതിനേഴുകാരിയുടെ മുകളിലൂടെ പിന്നിൽ നിന്ന് വന്ന ബൈക്ക് പാഞ്ഞുകയറി. വിദ്യാർത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ ഹൻസ്വാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹിരാപൂർ മാർക്കറ്റിന് സമീപമാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം സൈക്കിളിൽ വരുന്നതായി കാണാം. ഈ സമയം ബൈക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുന്നു. മാലയ്ക്കുപകരം ഷാൾ പിടിച്ചു വലിച്ചതോടെ, ബാലൻസ് തെറ്റി പെൺകുട്ടി നിലത്തുവീഴുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

നിലത്ത് വീണ പെൺകുട്ടിയുടെ പുറത്തുകൂടി പിന്നിൽ നിന്ന് വന്ന ബൈക്ക് കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും താടിയെല്ല് ഒടിയുകയും ചെയ്ത വിദ്യാർത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കർ നഗറിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ പൊലീസ് വെടിയുതിർത്തു. ഇവരുടെ കാലിന് വെടിയേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *