മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും; 4 പേർ അറസ്റ്റിൽ
മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും. റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്ന് പിടികൂടി. 4 പേർ അറസ്റ്റിലായി.
സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. മണിപ്പൂരില്‍ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരില്‍ നിലവില്‍ അക്രമസംഭവങ്ങളില്ല. നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിനെക്കുറിച്ച് പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സഹോദരിമാരും പെണ്‍മക്കളും എല്ലാ വെല്ലുവിളികളും ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ന് സ്ത്രീകള്‍ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇന്ന് നമ്മുടെ സ്ത്രീകള്‍ അത്തരം നിരവധി മേഖലകളില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. കലാപം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലാണ് കുക്കി-സോ സമുദായത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.