Tuesday, January 7, 2025
National

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് മോദി, വരുംവര്‍ഷങ്ങളിലും ഇന്ത്യയെ നയിക്കുമെന്ന് സൂചിപ്പിച്ച് പ്രസംഗം; മണിപ്പൂരും പരാമര്‍ശിച്ചു

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. മണിപ്പൂരില്‍ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരില്‍ നിലവില്‍ അക്രമസംഭവങ്ങളില്ല. നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പറഞ്ഞു. യുവാക്കളും സ്ത്രീകളുമാണ് രാജ്യത്തിന്റെ കരുത്ത്. ഗ്രാമീണി മേഖലകളില്‍ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. കൊച്ച് ഗ്രാമങ്ങളില്‍ നിന്ന് ലോകോത്തര കായികതാരങ്ങളാണ് ഉയര്‍ന്നുവരുന്നത്. ജനങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവുമാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനതയും ജനാധിപത്യവും വൈവിധ്യവും ചേര്‍ന്ന് ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറയുന്നു. അടുത്ത ആയിരം വര്‍ഷങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ആര്‍ക്കും തടയാന്‍ സാധിക്കാത്ത ആഗോള ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞെന്നും മോദി പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്ത് അദ്ദേഹം നിര്‍ണായക ശക്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ലും 2019ലും ജനത അര്‍പ്പിച്ച വിശ്വാസം കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ജനതയുടെ അഭിമാനം വാനോളം ഉയര്‍ന്ന കാലമായിരുന്നു ഇത്. ഇനിയുള്ള ആയിരം വര്‍ഷക്കാലം ജനതയെ നയിക്കാനുള്ള അടിത്തറ ആയിക്കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്തുനിന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഉടന്‍ തന്നെ രാജ്യത്തെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇറക്കുമതി രാജ്യമെന്ന നിലയില്‍ നിന്ന് കയറ്റുമതി രാജ്യമായി മാറുകയാണ് ഇന്ത്യ. 2024ലും 2029ലും ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരുംകാലത്തും രാജ്യത്തെ നയിക്കാനുണ്ടാകുമെന്ന് അദ്ദേഹം പ്രസംഗത്തിനിടെ സൂചന നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *