നാരദ ഒളിക്യാമറ കേസ്: ബംഗാളിൽ നാല് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു; പുറകെ കുതിച്ചെത്തി മമതാ ബാനർജി
നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് ബംഗാളിൽ നാടകീയ നീക്കങ്ങൾ. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫീസിലെത്തി. പറ്റുമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂവെന്ന് മമത പറഞ്ഞു
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിർഹാദ് ഹക്കീമിനെ സിബിഐ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഫിർഹാദ് ആരോപിച്ചു. മന്ത്രിയായ സുബ്രതോ മുഖർജിയെയും തൃണമൂൽ എംഎൽഎ മദൻ മിത്രയെയും മുൻ എംഎൽഎ സോവൻ ചാറ്റർജിയെയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
നാല് പേർക്കെതിരെയും അന്വേഷണം നടത്താൻ ഗവർണർ ജഗ്ദീപ് ധൻകർ അനുമതി നൽകിയിരുന്നു. കേസിൽ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും. നാല് പേരെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. ഇത് പരിഗണിച്ചില്ലെങ്കിൽ ജാമ്യം പരിഗണിക്കുന്നതുവരെ ഇവർ പോലീസ് ലോക്കപ്പിൽ തുടരേണ്ടി വരും
സ്പീക്കറുടെ അനുമതി വാങ്ങാതെ നേരിട്ട് ഗവർണറിൽ നിന്ന് അനുമതി തേടിയാണ് മന്ത്രിമാരെയും എംഎൽഎമാരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2014 നാരദ കോഴക്കേസ് കാലത്ത് മമത ബാനർജി സർക്കാരിൽ അംഗങ്ങളായിരുന്നു ഇവർ