Monday, January 6, 2025
National

താലിബാനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

കാബൂളിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക്‌സിന് കീഴിലുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ അഫ്ഗാൻ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് ആവര്‍ത്തിച്ചതെന്നതും ശ്രദ്ധേയം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റാണ് (ഐഐഎം) ഐടിഇസി കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. “ഇന്ത്യ ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങൾക്ക് ITEC പ്രോഗ്രാം എന്ന് വിളിക്കുന്ന പദ്ധതിയിലൂടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സഹായം നൽകുന്നു. ഇതിൽ ഓൺലൈൻ കോഴ്സുകളും ഉൾപ്പെടുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഈ സ്‌കോളർഷിപ്പ് കോഴ്‌സുകൾ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അവ വിവിധ ഇന്ത്യൻ സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കോഴ്‌സുകൾ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കും ലഭ്യമാണ്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള നിരവധി അഫ്ഗാൻ പൗരന്മാർ ഈ ITEC കോഴ്‌സുകളിൽ പങ്കെടുക്കുന്നുണ്ടെന്നും എന്നാല്‍ ഓൺലൈൻ കോഴ്‌സുകളിൽ ഇന്ത്യയിലേക്കുള്ള യാത്ര ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് താലിബാനോടുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇന്ത്യ ഇതുവരെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല, കൂടാതെ കാബൂളിൽ യഥാർത്ഥത്തിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെന്‍റ് രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്നും അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനും എതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് നിര്‍ബന്ധിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *